Tuesday, April 1, 2008

കൊഴുവയോടൊപ്പം ചേര്‍ന്നാല്‍

ഉപ്പും മുളകും ചേര്‍ത്ത് പച്ചവെള്ളം ഒഴിച്ച് വേവിച്ചാലും നല്ല രുചിയോടെ കൂര്‍ക്ക കഴിക്കാം. അതാണ് കൂര്‍ക്കയുടെ പ്രത്യേകത. തന്റെ കുഞ്ഞു ശരീരത്തില്‍ കൂര്‍ക്ക ഒളിപ്പിച്ചിട്ടിരിക്കുന്ന അത്ഭുതപൂര്‍വ്വമായ ഒരു രുചിയാണ് ഇതിന്റെ പിന്നില്‍. അതുകൊണ്ടുതന്നെയാണ് കൂര്‍ക്കയിട്ട് വറ്റിച്ച മത്തി, കൂര്‍ക്കയിട്ട് ബീഫ്, കൂര്‍ക്കയിട്ട പോര്‍ക്ക് എന്നിങ്ങനെ കൂര്‍ക്കയുമായി ചേര്‍ന്ന് ഒരുപാട് പാര്‍ട്ട്‌ണര്‍ഷിപ് കറികള്‍ ഉണ്ടായതും.

സഹൃദയരേ ഇവിടെ ഞാന്‍ അവതരിപ്പിക്കുന്ന കഥ..
“കൂര്‍ക്കയും കൊഴുവയും!“കഥാപാത്രങ്ങളും പങ്കെടുക്കുന്നവരും
തലയും വാലും നുള്ളി സുന്ദരിയാക്കിയ കൊഴുവ. (തിരുവനന്തപുരം സൈഡില്‍ ഞങ്ങള്‍ ഇതിനെ നെത്തോലി എന്നു പറയും)
കറുത്ത ഉടുപ്പൊക്കെ കളഞ്ഞ വൃത്തിയാക്കിയ കൂര്‍ക്ക
അരമുറി തേങ്ങ
ഒരുപിടി ചെറിയ ഉള്ളി
പച്ചമുളക്, കറിവേപ്പില, ഇഞ്ചി, ഉപ്പ്, എണ്ണ
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി
(ബാക്കിയൊക്കെ നമുക്ക് വഴിക്ക് നയം പോലെ ചേര്‍ക്കാം)

ഇത്രയും കൊഴുവയും ഇത്രയും കൂര്‍ക്കയും ചേര്‍ത്തുള്ള കളിയാണ്. അതിനു വേണ്ട അളവുകളൊക്കെ അതാതു സമയത്തു പറഞ്ഞുപോകാം.

ആദ്യ രംഗത്തുതന്നെ 4 തുണ്ട് മീന്‍പുളിയെ പൊക്കി ഇളം ചൂടുള്ള വെള്ളത്തില്‍ ഇടുക. (പുളി ഒരു കഷണം കുറച്ചിട്ട് കുറച്ച് പച്ചമാങ്ങാ കഷണങ്ങള്‍ ചേര്‍ത്തും ഇത് പാചകം ചെയ്യാം.) ചിരകി എടുത്ത തേങ്ങയില്‍ രണ്ടു ടീസ്പൂണ്‍ മുളകുപൊടിയും രണ്ടു ടീസ്പൂണ്‍ മല്ലിപ്പൊടിയും അല്പം മഞ്ഞള്‍ പൊടിയും തോലുകളഞ്ഞ ചെറിയ ഉള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും ചേര്‍ത്ത് അരയ്ക്കുക. ഒരുമിനിട്ട് തികച്ച് അരയ്ക്കണ്ട. അതായത് തേങ്ങ കുഴമ്പാവരുത്. കാര്യമായിട്ട് ഒന്നു ചതഞ്ഞാല്‍ മതി.

നാലുപേര്‍ ചേര്‍ന്ന് കറിച്ചട്ടി എടുത്ത് അടുപ്പില്‍ വയ്ക്കുക. കഴുകിയ ചട്ടിയാണെങ്കില്‍ അതില്‍ വെള്ളം ഉണ്ടാകും. അത് വറ്റുമ്പോള്‍ കുറച്ച് എണ്ണ (ഈ രംഗത്തില്‍ വെജിറ്റബിള്‍ ഓയില്‍ മതിയാകും) ഒഴിച്ച് കടുക് പൊട്ടിക്കുക. പൊട്ടാത്ത കടുകുകളെ കൈയില്‍ എടുത്ത് ചുറ്റികയോ കൊട്ടുവടിയോ കൊണ്ട് പൊട്ടിക്കുക. അതില്‍ കറിവേപ്പില ഇടുക. കഴുകിവച്ച കൂര്‍ക്ക (വലുതാണെങ്കില്‍ മുറിച്ച് കഴണങ്ങള്‍ ആക്കണം) അതിലേക്ക് ചേര്‍ക്കുക. എണ്ണയുമായി ചെറുതായിട്ട് ഒന്ന് ഇളക്കുക. ഈ സമയത്ത് അല്പം ഉപ്പ് ചേര്‍ക്കുന്നത് നല്ലതാണ്. കൂര്‍ക്ക അധിക സമയം അങ്ങനെ ഇളക്കി കളിക്കണ്ട. അതില്‍ അരച്ചുവച്ച കൂട്ടുകാരെ എടുത്ത് ചേര്‍ക്കുക. 3 പച്ചമുളകു കുട്ടികളെ നെടുകേ മുറിച്ച് അതില്‍ ചേര്‍ക്കുക. അല്പം വെള്ളവും (മീനുകള്‍ക്ക് മുങ്ങാന്‍കുഴി ഇടാനുള്ള വെള്ളം ആവശ്യമില്ല) ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.
ആദ്യം നമ്മള്‍ വെള്ളത്തില്‍ കളിക്കാന്‍ വിട്ടിരുന്ന മീന്‍പുളിയെ എടുത്ത് വൃത്തിയാക്കി കഴുകി കറിയില്‍ അവിടെ അവിടെയായി മൈനുകള്‍ കുഴിച്ചിടും പോലെ ഇടുക. ഒന്നു തിളച്ചു തുടങ്ങുമ്പോള്‍ കൊഴുവ കുഞ്ഞുങ്ങളെ അതില്‍ നീന്താന്‍ വിടുക. അവയെ ശരിക്കും മുക്കി തന്നെ വയ്ക്കുക. പുറത്തേക്ക് ചാടിപോകാതിരിക്കാന്‍ ഒരു പാത്രം വച്ച് അടച്ചുവയ്ക്കാം. ചെറിയ തീയില്‍ തിളപ്പിക്കണം. ഒന്നു വറ്റുമ്പോള്‍ അല്പം വെളിച്ചെണ്ണ കൂടി ചേര്‍ത്താല്‍ നന്ന്. കുറച്ചു കറിവേപ്പില കൂടി ചേര്‍ത്ത് അടച്ചുവയ്ക്കുക. തിളച്ചതിനു ശേഷം ചട്ടിയില്‍ സ്പൂണ്‍ ഇട്ട് ഇളക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തുണിവച്ച് ചട്ടിയുടെ സൈഡില്‍ പിടിച്ച് പൊക്കി എടുത്ത് കറക്കിയാല്‍ മതി. തീ ഓഫ് ചെയ്യാന്‍ മറക്കരുത്. കരിഞ്ഞുപോയാല്‍ ഒരു വൃത്തികെട്ടമണം ഉണ്ടാകും.ചോറ്, ദോശ, എന്നിവയ്ക്കൊപ്പം ഇത് കഴിക്കാം. കൊതിയന്മാര്‍ക്ക് രണ്ടുമില്ലാതേയും കഴിക്കാം.

26 comments:

ഇട്ടിമാളു said...

വിശന്നിരിക്കുമ്പൊ തന്നെ ഓരോന്ന് മുന്നില്‍ കൊണ്ടുവന്നു വെക്കും..

തഥാഗതന്‍ said...

കുമാറേ

നിങ്ങളുടെ ഉള്ളില്‍ ഒരു കുക്കര്‍ ഒളിഞ്ഞു കിടപ്പുണ്ടെന്ന് ഞാന്‍ അറിഞ്ഞില്ലാ.. ഞാന്‍ അറിഞ്ഞീലാ..

::സിയ↔Ziya said...

ഹൌ!!!
ബ്ലും ബ്ലും ബ്ലിം

::സിയ↔Ziya said...

വെറും കുക്കറല്ല തഥാ...,
കൂര്‍ക്കക്കുക്കര്‍ :)

kumar © said...

ഞാനും ഒന്നു രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാ അറിഞ്ഞത്.

ഇടയ്ക്കൊക്കെ അടുക്കളയില്‍ കയറി ഒന്നു സ്കാന്‍ ചെയ്താല്‍ നിങ്ങടെ ഉള്ളിലും ഒരു “കുക്കര്‍” കണ്ടെത്താനാകും തഥോ.

ഡാലി said...

ഹെന്റമ്മേ! കൂര്‍ക്കയ്ക്കും കൊഴുവയ്ക്കും മുങ്ങാം കുഴിയിടാനുള്ള വെള്ളം ചട്ടിയില്ലല്ല എന്റെ വായിലാണു.
ഈ ബ്ലോഗ് എനിക്കൊരു ആത്മപീഡ ആവുമെന്നാണ് തോന്നണെ. :(
കൊഴുവ ചേര്‍ക്കുമ്പോള്‍ കൂര്‍ക്കയ്ക്കൊരു കൊഴുവരുചി കിട്ടില്ലേ, കൊഴുവയ്ക്കൊരു കൂര്‍ക്കരുചിയും. ഉഗ്രനായിരിക്കും. ഇതു കഴിച്ചവരൊക്കെ ഒന്നു ശ്രദ്ധിച്ചോ, എനിക്കത്രയേ പറയാനുള്ളൂ.

കുട്ടന്‍മേനൊന്‍ said...

മീനിന്റെ കൂടെ പച്ചക്കറികളും കിഴങ്ങുകളും ഇട്ടുവെയ്ക്കുന്നത് കേരളത്തില്‍ കുറവാണെന്ന് തോന്നുന്നു. ബംഗാളികളും ജോധ്പൂരികളുടെയും ഭക്ഷണത്തില്‍ ഇത് ധാരാളം കാണം. ഉരുളക്കിഴങ്ങിട്ട മീന്‍ കരി ഒരുതവണ തിരുനെല്‍ വേലിയില്‍നിന്നും കഴിച്ചിട്ടുണ്ട്.
കൂര്‍ക്ക ഏതിന്റെ കൂടെയും ബെസ്റ്റാ അല്യോ?

Radheyan said...

തനി തെക്കന്‍ സ്റ്റൈല്‍.

മണ്ണിനടിയില്‍ കിടക്കുന്ന സാധനങ്ങളുടെ സ്പെഷ്യലൈസേഷന്‍ ഓണാട്ടുകരക്കാണ്. പക്ഷെ ഇത്തരം ഒരു സങ്കരം അവിടെയും കണ്ടില്ല.

കൂര്‍ക്ക അപാര സ്വാദും സാധ്യതയുമുള്ള ഒരു സംഭവം തന്നെ അല്ലേ

ഡാലി said...

കുട്ടന്മേനോനെ, തൃശ്ശൂര് കൂര്‍ക്കേം ചാളേം, ചെരക്കേം ചെമ്മീനും, ചെമ്മീനും കായേം, പയറ്റിലയും (പയറിന്റെ തളിരില) ഉണക്ക ചെമ്മീനും, ഉണക്ക മീനിന്റെ(അധികവും ഉണക്ക സ്രാവ്) കൂടെ കുമ്പളങ്ങ ഇതൊക്കെ ഇഷ്ടം പോലെ ഉണ്ടല്ലോ.

രാധേയാ, തെക്കര്‍ക്ക് പലര്‍ക്കും കൂര്‍ക്ക എന്താണെന്നറിഞ്ഞു കൂടാ. ഞാനറിയുന്ന പല തെക്കരും ചീവകിഴങ്ങ് അഥവാ കൂര്‍ക്ക കണ്ടീട്ടോ ഒരുപക്ഷേ കേട്ടീട്ടോ ഇല്ല. മീനും കൂര്‍ക്കയും തൃശ്ശൂര്‍, എറണ്ണാകുളം ഭാഗത്താണ് അധികവും. കൂര്‍ക്കേം ചാളേടേം റെസിപ്പി ഇവിടെ കാണാം

കുട്ടന്‍മേനൊന്‍ said...

ഡാല്യേ..
തൃശ്ശൂര് കൂര്‍ക്കയും ചാളയും ഞാന്‍ കേട്ടിട്ടേ ഇല്യ. പുതീതായ്ട്ട് ആരെങ്കിലും അങ്ങനെ കൂട്ടാണ്ടാക്കിണ്ടോന്ന് യ്ക്ക് അറീയില്ല. ചെരയ്ക്കയും ചെമ്മീനും ന്ന് കേട്ണ്ട്. കഴിച്ചിട്ടില്ല.

ഡാലി said...

അല്ല മേനോനേ, പുതീതൊന്നും അല്ല. എന്റെ അറിവില്‍ ഒരു 30 വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ട്. :) നസ്രാണികള്‍ടെ എടേലാണ് കൂടുതല്‍ പ്രചാരം.

അനോണി ആന്റണി said...

കൊത്തമല്ലി പിച്ചിയിട്ട രസ്യനാം രസം
കൊഞ്ചു മാങ്ങചേര്‍ത്തരച്ച നല്ല ചമ്മന്തീം
കൂര്‍ക്കയും കൊഴുവയും
ഒണക്കമുള്ളന്‍ വറുത്തതും
ഊണു സുന്ദരം...

എന്നല്ലേ അണ്ണാ കവി മുല്ലനേഴി പാടിയിരിക്കണത്?

(ഞങ്ങടെ നെറ്റ്വര്‍ക്ക് അടിച്ചു പോയെന്ന് തന്നെ തോന്നണത്. ദാണ്ടെ എല്ലാ സൈറ്റും തൊറന്നു വരണ്‌
!)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ കൊഴുവ എന്താ?

kumar © said...

പ്രിയാ ഉണ്ണികൃഷ്ണന്‍
കൊഴുവ എന്നു പറയുന്നത് ഒരു തരം മീനാണ്‌. വെളുത്തു സുന്ദരിയായ പാവം ഒരു കുഞ്ഞുമീന്‍. തിരുവനന്തപുരത്തുകാര്‍ നെത്തോലി എന്നു പറയും (അതൊക്കെ ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞിരുന്നു)
പാലക്കാട് ഏരിയായില്‍ ഒക്കെ ചൂട എന്നോ മറ്റോ ആണ് ഇതിനെ പറയുക.

Dallas : Texas : United States ല്‍ ഇതിനെ kozhuva എന്നോ netholi എന്നോ chooda എന്നോ പറഞ്ഞേക്കും എന്നാണ് എന്റെ പരിമിതമായ അറിവ്.

ആത്മഗതം : ഈ മീന്‍‌കറിയുടെ റെസിപ്പിയില്‍ മീനിന്റെ പേരുപോലും വായനക്കാര്‍ക്ക് മനസിലായില്ലെങ്കില്‍ ഈ പോസ്റ്റ് എഴുതിയവനെ തല്ലണം.

മയൂര said...

ഗ്ലും... ഗ്ലും... ഗ്ലും...ഏയ് എനിയ്ക്ക് കൊതിവന്നതല്ല, നെതോലി കൂടെയുള്ള കൂര്‍ക്കകളെ വിഴുങ്ങുന്ന ശബ്ദമാണ്. അവയെ രണ്ടിനെയും ഞാ‍നുമൊരുനാള്‍... ങ്...ങ്...ഹാ...ഉണ്ടാക്കി കഴിക്കും(ആത്മഗതം).

നട്ടുച്ച നേരത്ത് നെതോലി തോരനും കൂട്ടി ചോറുണ്ണാനിരുന്നയെന്നെയിതു കാട്ടിതന്ന കുമാറേട്ടനെ 101 കൂര്‍ക്കകൊണ്ടു എറിയുന്നതാണ് എന്നും കൂടെ ഇതിനാല്‍ അറിയിച്ച് കൊള്ളുന്നു;).

ഓ.ടോ
കുമാറേട്ടാ പ്രിയ വെജിറ്റേറിയനാണു...ക്ഷമീരു, ആതമഗതം വേണ്ടാ :)

അനില്‍_ANIL said...

കൂര്‍ക്കബ്ലോഗ് ഇന്നാണു കണ്ടത്.
തനതു ‘വ്യക്തിത്വമുള്ള’ കൂര്‍ക്കയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല എന്നിനി പറയാന്‍ പറ്റില്ലല്ലോ.

പച്ച നെത്തോലിയെക്കാളും ഒണക്കയോടൊപ്പം തോരനാക്കിക്കഴിച്ചാണെനിക്കു ശീലം.

നെത്തോലി search.

പെടയ്ക്കണത് വേണമെങ്കിലുമുണ്ട്.

Reshma said...

പാചകക്കുറിപ്പ് രസായി. ഞാന്‍ കൂര്‍ക്ക ഫാനല്ല, നെത്തല്‍ ഫാനാ.

അനിലന്‍ said...

കുട്ടിക്കാലത്ത് അമ്മയുടെ വാലായി കിഴക്കേലെ ജയചേച്ചിയുടെ വീട്ടില്‍ പതിവു സന്ദര്‍ശനത്തിനു ചെന്നപ്പോ കൂര്‍ക്ക നന്നാക്കിക്കൊണ്ടിരുന്ന ചേച്ചിയോട്.
അമ്മ: ജയേ കൂര്‍ക്ക എങ്ങന്യാ വെയ്ക്ക്ണത്?
ജ.ചേ: നാള്യേരം ജീരകട്ട് അരച്ച് പരിപ്പും കൂടീട്ട്.
അമ്മ: അപ്പൊ നീ കൂര്‍ക്കുപ്പേരിണ്ടാക്ക്ണില്യേ?
ജ.ചേ: ണ്ടാക്കണം ശാരദേച്ച്യേ.. അധികം വെളിച്ചെണ്ണൊഴിച്ച്, അധികം ഉള്ളിം മെളകും വേപ്പലിം ഇട്ടട്ട്.. ഹോ അതിന്റെ മണം ഇനിയ്ക്കാലോചിച്ചൂടാ ശാരദേച്ച്യേ. :)

കുട്ടന്‍ മേന്‍ന്നേ കൂര്‍ക്കിം ചാളിം ന്ന് കേട്ടിട്ടില്യേ?മോഹന്‍ലാല്‍ ശോഭന എന്നൊക്കെ പറയുന്നപോലെ. തകര്‍പ്പന്‍!
ഡാലി: നസ്രാണികളങ്ങനെ അതിന്റെ ക്രെഡിറ്റെടുക്കണ്ട :) (ആത്മഗതം. പൊഴ കടന്ന് കെഴക്കോട്ട് പോയാപ്പിന്നെ എന്ത് ഫ്രെഷ് ചാള!)

ഗുപ്തന്‍ said...

ഓരോന്നെറങ്ങിക്കോളും.. മനുഷ്യന്റെ സ്വൈരം കളയാന്‍..

കാ‍ശുകൊടുത്താല്‍ നോര്‍ത്തിന്‍ഡ്യന്‍ റ്റേസ്റ്റിലാ‍ണേലും മീറ്റ് ഡിഷസ് കിട്ടും.. ഇച്ചിരെ നാടന്‍ മീന്‍ കറി കിട്ടാന്‍ ഞാനെവിടെപ്പോവും... ഈശ്വരാ..

ഡാലി said...

അനിലാ, ഏതു പൊഴീണീ പറേണ പൊഴ? തൃപ്രയാറാ? തൃശ്ശൂര്‍ മാര്‍ക്കറ്റില്‍ കിട്ടണത്ര പെടക്കണ ചാള അവിടെ കിട്ട്യോ. ഒരിക്കലുമില്ല ;). പാവം നഗര‘പ്രാന്ത’വാസികളും ജീവിച്ചു പൊയ്ക്കോട്ടേന്ന്.

അനിലന്‍ said...

ഗുപ്താ
ഒഴിവി ദിവസം നോക്കി ഷാര്‍ജയ്ക്ക് വാ. നമുക്ക് ശരിയാക്കാം. :)
ഡാലീ തൃപ്രയാറന്നെ. :)

കുട്ടന്‍മേനൊന്‍ said...

ഡാല്യേ.. തൃശ്ശൂരങ്ങാടീല് ഐസിട്ട ചാ‍ളയല്ലേ കിട്ടൂ..ഞങ്ങള്‍ക്ക് പെടയ്ക്കണ ചാള കിട്ടും. ഐസില്ലാണ്ട്. പൂയ്.. ചാള.. ചാളേ.. ഞാന്‍ പോയി.

സുനീഷ് കെ. എസ്. said...

ഇവ്ടെ നെത്തോലി കിട്ടില്ല... മത്തി കിട്ടും (സാര്‍ഡൈന്‍). പിന്നെ കൂര്‍ക്ക കിട്ടുമോ എന്ന് സൂപ്പര്‍സ്‌റ്‌റോറില്‍ നോക്കണം. കുമാറേട്ടാ, കൂര്‍ക്ക കിട്ടിയില്ലെ അതിനു പകരം എന്താ ചേര്‍ക്കാ?

ആഷ | Asha said...

കൊതി കിട്ടും കൊതി
ഇങ്ങനെ കൊതിപ്പിച്ചാല്‍
:)

കുഴൂര്‍ വില്‍‌സണ്‍ said...

ഈ രാത്രിയില്‍ ഒന്നും കഴിക്കാതെ ഉറങ്ങുന്ന ത്യശ്ശൂര്‍ സ്റ്റാന്‍ഡിലെ പിള്ളാര്‍ക്ക് ഈ പോസ്റ്റ് സമര്‍പ്പിച്ചാലോ /

ഒരു ബു.ജി ലൈനില്‍.

വിശപ്പ് വരണില്ലാ. അത് മാത്രമാണ് ഈ നെഗറ്റീവ് ലൈന്‍.

അല്ലാതെ വിശക്കുന്നവരോടുള്ള സഹതാപമൊന്നും അല്ല

Sankar Joshy said...

കൂർയ്ക്കും, കൊഴു വയ്ക്കും ഇടയിൽ മീൻ പുളി യുടെ രസതന്ത്രം .വായിൽ കപ്പലോടുന്നു.
കാഞ്ഞാണിയിൽ കുപ്പായം തൊലിച്ച കൂർക്ക വിൽക്കുന്ന കടയിൽ നിന്നും വാങ്ങിയ കൂർക്ക , നത്തോലിയെ കാത്ത് ഫ്രിഡ്ജിൽ... ഞാനൊരു കൂർക്ക ഫാൻ