Tuesday, April 1, 2008

കൊഴുവയോടൊപ്പം ചേര്‍ന്നാല്‍

ഉപ്പും മുളകും ചേര്‍ത്ത് പച്ചവെള്ളം ഒഴിച്ച് വേവിച്ചാലും നല്ല രുചിയോടെ കൂര്‍ക്ക കഴിക്കാം. അതാണ് കൂര്‍ക്കയുടെ പ്രത്യേകത. തന്റെ കുഞ്ഞു ശരീരത്തില്‍ കൂര്‍ക്ക ഒളിപ്പിച്ചിട്ടിരിക്കുന്ന അത്ഭുതപൂര്‍വ്വമായ ഒരു രുചിയാണ് ഇതിന്റെ പിന്നില്‍. അതുകൊണ്ടുതന്നെയാണ് കൂര്‍ക്കയിട്ട് വറ്റിച്ച മത്തി, കൂര്‍ക്കയിട്ട് ബീഫ്, കൂര്‍ക്കയിട്ട പോര്‍ക്ക് എന്നിങ്ങനെ കൂര്‍ക്കയുമായി ചേര്‍ന്ന് ഒരുപാട് പാര്‍ട്ട്‌ണര്‍ഷിപ് കറികള്‍ ഉണ്ടായതും.

സഹൃദയരേ ഇവിടെ ഞാന്‍ അവതരിപ്പിക്കുന്ന കഥ..
“കൂര്‍ക്കയും കൊഴുവയും!“കഥാപാത്രങ്ങളും പങ്കെടുക്കുന്നവരും
തലയും വാലും നുള്ളി സുന്ദരിയാക്കിയ കൊഴുവ. (തിരുവനന്തപുരം സൈഡില്‍ ഞങ്ങള്‍ ഇതിനെ നെത്തോലി എന്നു പറയും)
കറുത്ത ഉടുപ്പൊക്കെ കളഞ്ഞ വൃത്തിയാക്കിയ കൂര്‍ക്ക
അരമുറി തേങ്ങ
ഒരുപിടി ചെറിയ ഉള്ളി
പച്ചമുളക്, കറിവേപ്പില, ഇഞ്ചി, ഉപ്പ്, എണ്ണ
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി
(ബാക്കിയൊക്കെ നമുക്ക് വഴിക്ക് നയം പോലെ ചേര്‍ക്കാം)

ഇത്രയും കൊഴുവയും ഇത്രയും കൂര്‍ക്കയും ചേര്‍ത്തുള്ള കളിയാണ്. അതിനു വേണ്ട അളവുകളൊക്കെ അതാതു സമയത്തു പറഞ്ഞുപോകാം.

ആദ്യ രംഗത്തുതന്നെ 4 തുണ്ട് മീന്‍പുളിയെ പൊക്കി ഇളം ചൂടുള്ള വെള്ളത്തില്‍ ഇടുക. (പുളി ഒരു കഷണം കുറച്ചിട്ട് കുറച്ച് പച്ചമാങ്ങാ കഷണങ്ങള്‍ ചേര്‍ത്തും ഇത് പാചകം ചെയ്യാം.) ചിരകി എടുത്ത തേങ്ങയില്‍ രണ്ടു ടീസ്പൂണ്‍ മുളകുപൊടിയും രണ്ടു ടീസ്പൂണ്‍ മല്ലിപ്പൊടിയും അല്പം മഞ്ഞള്‍ പൊടിയും തോലുകളഞ്ഞ ചെറിയ ഉള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും ചേര്‍ത്ത് അരയ്ക്കുക. ഒരുമിനിട്ട് തികച്ച് അരയ്ക്കണ്ട. അതായത് തേങ്ങ കുഴമ്പാവരുത്. കാര്യമായിട്ട് ഒന്നു ചതഞ്ഞാല്‍ മതി.

നാലുപേര്‍ ചേര്‍ന്ന് കറിച്ചട്ടി എടുത്ത് അടുപ്പില്‍ വയ്ക്കുക. കഴുകിയ ചട്ടിയാണെങ്കില്‍ അതില്‍ വെള്ളം ഉണ്ടാകും. അത് വറ്റുമ്പോള്‍ കുറച്ച് എണ്ണ (ഈ രംഗത്തില്‍ വെജിറ്റബിള്‍ ഓയില്‍ മതിയാകും) ഒഴിച്ച് കടുക് പൊട്ടിക്കുക. പൊട്ടാത്ത കടുകുകളെ കൈയില്‍ എടുത്ത് ചുറ്റികയോ കൊട്ടുവടിയോ കൊണ്ട് പൊട്ടിക്കുക. അതില്‍ കറിവേപ്പില ഇടുക. കഴുകിവച്ച കൂര്‍ക്ക (വലുതാണെങ്കില്‍ മുറിച്ച് കഴണങ്ങള്‍ ആക്കണം) അതിലേക്ക് ചേര്‍ക്കുക. എണ്ണയുമായി ചെറുതായിട്ട് ഒന്ന് ഇളക്കുക. ഈ സമയത്ത് അല്പം ഉപ്പ് ചേര്‍ക്കുന്നത് നല്ലതാണ്. കൂര്‍ക്ക അധിക സമയം അങ്ങനെ ഇളക്കി കളിക്കണ്ട. അതില്‍ അരച്ചുവച്ച കൂട്ടുകാരെ എടുത്ത് ചേര്‍ക്കുക. 3 പച്ചമുളകു കുട്ടികളെ നെടുകേ മുറിച്ച് അതില്‍ ചേര്‍ക്കുക. അല്പം വെള്ളവും (മീനുകള്‍ക്ക് മുങ്ങാന്‍കുഴി ഇടാനുള്ള വെള്ളം ആവശ്യമില്ല) ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.
ആദ്യം നമ്മള്‍ വെള്ളത്തില്‍ കളിക്കാന്‍ വിട്ടിരുന്ന മീന്‍പുളിയെ എടുത്ത് വൃത്തിയാക്കി കഴുകി കറിയില്‍ അവിടെ അവിടെയായി മൈനുകള്‍ കുഴിച്ചിടും പോലെ ഇടുക. ഒന്നു തിളച്ചു തുടങ്ങുമ്പോള്‍ കൊഴുവ കുഞ്ഞുങ്ങളെ അതില്‍ നീന്താന്‍ വിടുക. അവയെ ശരിക്കും മുക്കി തന്നെ വയ്ക്കുക. പുറത്തേക്ക് ചാടിപോകാതിരിക്കാന്‍ ഒരു പാത്രം വച്ച് അടച്ചുവയ്ക്കാം. ചെറിയ തീയില്‍ തിളപ്പിക്കണം. ഒന്നു വറ്റുമ്പോള്‍ അല്പം വെളിച്ചെണ്ണ കൂടി ചേര്‍ത്താല്‍ നന്ന്. കുറച്ചു കറിവേപ്പില കൂടി ചേര്‍ത്ത് അടച്ചുവയ്ക്കുക. തിളച്ചതിനു ശേഷം ചട്ടിയില്‍ സ്പൂണ്‍ ഇട്ട് ഇളക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തുണിവച്ച് ചട്ടിയുടെ സൈഡില്‍ പിടിച്ച് പൊക്കി എടുത്ത് കറക്കിയാല്‍ മതി. തീ ഓഫ് ചെയ്യാന്‍ മറക്കരുത്. കരിഞ്ഞുപോയാല്‍ ഒരു വൃത്തികെട്ടമണം ഉണ്ടാകും.ചോറ്, ദോശ, എന്നിവയ്ക്കൊപ്പം ഇത് കഴിക്കാം. കൊതിയന്മാര്‍ക്ക് രണ്ടുമില്ലാതേയും കഴിക്കാം.